ആലപ്പുഴ : 1989ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ തപാൽ ബാലറ്റ് തിരുത്തിയെന്ന മുൻമന്ത്രി ജി.സുധാകരന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച അന്വേഷണത്തിൽ തിരഞ്ഞെടുപ്പു രേഖകൾ ആവശ്യപ്പെട്ടു തിരഞ്ഞെടുപ്പു കമ്മിഷനു പൊലീസ് കത്തു നൽകും. ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് ഉറപ്പിക്കാനാണിത്. രേഖകൾ കിട്ടിയ ശേഷമേ സുധാകരന്റെയും അദ്ദേഹം പ്രസംഗിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നവരുടെയും മറ്റും മൊഴിയെടുക്കൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ആലപ്പുഴ സൗത്ത് പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു.
പൊലീസ് അന്വേഷണത്തിന്റെ പുരോഗതി യഥാസമയം അറിയിക്കണമെന്നു സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർക്കു നിർദേശം നൽകി. കേസെടുത്ത വിവരം കലക്ടർ മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണറെ അറിയിച്ചിരുന്നു. അതേസമയം, 36 വർഷം മുൻപു നടന്നതായി പറയുന്ന സംഭവത്തെപ്പറ്റിയുള്ള അന്വേഷണം അത്ര എളുപ്പമല്ലെന്നാണു പൊലീസിന്റെ നിഗമനം.