മസ്‌കത്ത് : ഈ വർഷം ആദ്യത്തെ രണ്ടു മാസങ്ങളിൽ 6.6 ദശലക്ഷം വിനോദസഞ്ചാരികൾ ഒമാൻ സന്ദർശിച്ചു. സന്ദർശകരിൽ ഒന്നാം സ്ഥാനത്ത് യുഎഇ പൗരന്മാരാണ്. രണ്ടാം സ്ഥാനം ഇന്ത്യക്കാർക്കും മൂന്നാം സ്ഥാനം ജർമൻ പൗരന്മാർക്കുമാണ്.
ദേശീയ സ്ഥിതി വിവര കേന്ദ്രം (എൻസിഎസ്ഐ) പുറത്തുവിട്ട പുതിയ റിപ്പോർട്ട് അനുസരിച്ച്, 158,586 യുഎഇ പൗരന്മാർ ഈ രണ്ടു മാസത്തിനുള്ളിൽ ഒമാൻ സന്ദർശിച്ചപ്പോൾ ഇന്ത്യക്കാരുടെ എണ്ണം 83,621 ആണ്. ഇതേ കാലയളവിൽ 42,318 ജർമൻ പൗരന്മാരും ഒമാനിലെത്തി.
വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം നടത്തിവരുന്ന ശ്രമങ്ങൾ ഫലം കാണുന്നുവെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ നഗരങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും മന്ത്രാലയം വിവിധ പ്രചാരണ പരിപാടികളും പ്രത്യേക ക്യാംപെയ്നുകളും സംഘടിപ്പിക്കുന്നുണ്ട്.