തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്ത് ആറ് മരണം. ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമായതിനിടെയാണ് ആറ് മരണം റിപ്പോർട്ട് ചെയ്തത്. ഇടുക്കി കൊട്ടക്കമ്പൂരിൽ കൃഷിയിടത്തിലെ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കോട്ടയം തീക്കോയിയിൽ ബൈക്കിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ചെന്നൈ സ്വദേശി മരിച്ചു. പൂഞ്ഞാർ തെക്കേക്കരയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഗൃഹനാഥൻ മരിച്ചു. മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ രണ്ടുപേർ മരിച്ചു, നാലുപേരെ കാണാനില്ല. ഇടുക്കിയിലും കോട്ടയത്തും ഓറഞ്ച് അലർട്ട് തുടരുകയാണ്.
മലപ്പുറത്ത് മലവെള്ളപ്പാച്ചിൽ
മലപ്പുറത്ത് പൂക്കോട്ടുംപാടം ടികെ നഗറിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ആറുപേരെ കാണാതായെന്നും രണ്ടുപേരുടെ മൃതദേഹം ലഭിച്ചുവെന്നുംമന്ത്രി എപി അനിൽകുമാർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് പരിമിതിയുള്ള സ്ഥലമാണെന്നും ഇന്ന് ദുഷ്കരമായതിനാൽ ഭാഗികമായി തെരച്ചിൽ നിർത്തിയെന്നും മന്ത്രി അറിയിച്ചു. പുഴയിൽ വെള്ളം പെട്ടെന്ന് കൂടി വരുന്നുണ്ട്. നാളെ രാവിലെ ആറുമണിയോടെ ഊർജിതമായ തെരച്ചിൽ നടത്തും. അപകടമുണ്ടായ സമയത്ത് തന്നെ നാട്ടുകാർക്ക് കുറെ ആളുകളെ രക്ഷപ്പെടുത്താൻ സാധിച്ചു. പുഴയുടെ കരകളിൽ ആളുകൾ ഇപ്പോഴും തെരച്ചിൽ നടത്തുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചെറു വെള്ളച്ചാട്ടത്തിന് സമീപത്ത് എത്തിയവരാണ് ഇരച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ പെട്ട് കാണാതായത്.
കൊട്ടക്കമ്പൂരിൽ രണ്ടുപേർക്ക് ദാരുണാന്ത്യം
ഇടുക്കി കൊട്ടക്കമ്പൂരിൽ കനത്ത മഴയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് രണ്ടുപേർക്ക് ദാരുണാന്ത്യം സംഭവിച്ചത്. കൊട്ടക്കമ്പൂർ സ്വദേശി ബാലകൃഷ്ണൻ, സഹോദരി ചിന്നു എന്നിവരാണ് മരിച്ചത്. ബാലകൃഷ്ണൻ്റെ ഭാര്യയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വട്ടവടയിലും കൊട്ടക്കമ്പൂരിലും മേഖലയിൽ രാവിലെ മുതൽ ഇടവിട്ട കനത്ത മഴയായിരുന്നു. ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ദാരുണ സംഭവം ഉണ്ടായത്.
Leave a Comment
Your comment will be visible after admin approval.