കറൻസി നോട്ടുകളുടെ ഈടുനിൽപ്പ് വർധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും പ്ലാസ്റ്റിക് നോട്ടുകൾ ആർബിഐ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കുന്നു. പേപ്പർ നോട്ടുകൾക്ക് പകരമായല്ല, അവയോടൊപ്പം തന്നെയാകും പോളിമർ നോട്ടുകളും വിതരണം ചെയ്യുക. 2009ൽ സമാനമായ ശ്രമം ആർബിഐ നടത്തിയിരുന്നെങ്കിലും സാങ്കേതിക തടസ്സം കാരണം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. തുടക്കത്തിൽ ചെറിയ മൂല്യത്തിലുള്ള നോട്ടുകളാകും പുറത്തിറക്കുക. വിജയകരമായാൽ 100 രൂപയുടെയും 500 രൂപയുടെയും നോട്ടുകൾ പുറത്തിറക്കിയേക്കും.
പ്രധാന ലക്ഷ്യങ്ങൾ
ഈടുനിൽപ്പ് (Durability): ഈർപ്പം, അഴുക്ക്, കീറൽ എന്നിവ പ്രതിരോധിക്കാനുള്ള പോളിമർ നോട്ടുകളുടെ ശേഷി നിരീക്ഷിക്കുക.
പൊതുജന സ്വീകാര്യത: പുതിയ നോട്ടുകളുടെ ഘടനയോടും വഴക്കത്തോടും (Flexibility) പൊതുജനങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്ന് വിലയിരുത്തുക.
അച്ചടി കാര്യക്ഷമത: പോളിമർ നോട്ടുകളുടെ നിർമാണ പ്രക്രിയയിലെ കൃത്യതയും വേഗതയും പരിശോധിക്കുക.
സുരക്ഷാ സവിശേഷതകൾ: കള്ളനോട്ട് പുറത്തിറക്കുന്നവർക്ക് പുതിയ ഡിസൈനുകളും സുരക്ഷാ ഫീച്ചറുകളും അനുകരിക്കാൻ കഴിയുമോ എന്ന് കണ്ടെത്തുക.
ഇത് പരീക്ഷണം പരാജയപ്പെട്ടാലും ഉണ്ടാകാനിടയുള്ള സാമ്പത്തിക ആഘാതം വളരെ കുറവാണെന്ന് ഉറപ്പാക്കുന്നു.
ഉപയോഗക്ഷമതയും തേയ്മാനവും
കൂടുതൽ കൈമാറ്റം ചെയ്യുന്ന നോട്ടുകളാണ് 10 രൂപയും 20 രൂപയും. അതുകൊണ്ടുതന്നെ ഇവ വേഗത്തിൽ തേയ്മാനം സംഭവിക്കുന്നു. പോളിമർ നോട്ടുകളുടെ ഈട് പരിശോധിക്കാൻ ഇത്തരം നോട്ടുകൾ തന്നെയാണ് ഉചിതം.
എളുപ്പത്തിൽ പരീക്ഷിക്കാം
എടിഎം ശൃംഖലയെ തടസപ്പെടുത്താതെ പരീക്ഷണം നടത്താം എന്നതാണ് മറ്റൊരു പ്രധാന സവിശേഷത.
10, 20 രൂപ നോട്ടുകൾ സാധാരണയായി ബാങ്ക് ശാഖകൾ വഴിയാണ് വിതരണം ചെയ്യുന്നത്, എടിഎമ്മുകൾ വഴിയല്ല. പോളിമർ നോട്ടുകളുടെ ഘടന പേപ്പർ നോട്ടുകളിൽ നിന്ന് വ്യത്യസ്തമായതിനാൽ നിലവിലുള്ള എടിഎം മെഷീനുകളിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. കുറഞ്ഞ മൂല്യമുള്ള നോട്ടുകൾ ഉപയോഗിക്കുന്നതിലൂടെ എടിഎം ഘടനയിൽ ഉടനടി മാറ്റം വരുത്താതെ പരീക്ഷണം പൂർത്തിയാക്കാം.
നോട്ടുകളുടെ പ്രചാരത്തെക്കുറിച്ചുള്ള പ്രതികരണം ശേഖരിക്കാനും കേടുപാടുകൾ സംഭവിച്ച നോട്ടുകൾ തിരിച്ചെടുക്കാനും ഈ രീതി സഹായകമാകും.
ചെലവ് കുറയ്ക്കാം
പേപ്പർ നോട്ടുകളെ അപേക്ഷിച്ച് പോളിമർ നോട്ടുകൾക്ക് ആയുസ്സ് കൂടുതലായതിനാൽ അവ അടിക്കടി മാറ്റേണ്ടി വരുന്നത് ഒഴിവാക്കാം. ഇതിലൂടെ ആർബിഐക്ക് വലിയൊരു തുക ലാഭിക്കാം.
കുറഞ്ഞ മൂല്യമുള്ള നാണയങ്ങൾ നിർമിക്കുന്നതിനേക്കാൾ പോളിമർ നോട്ടുകൾ നിർമിക്കുന്നത് ലാഭകരമായേക്കാം.
നോട്ടുകളുടെ ആയുസ്സ് വർധിക്കുന്നതോടെ അവയുടെ മൊത്തത്തിലുള്ള പ്രവർത്തന ചെലവ് കുറയുന്നു.
പരീക്ഷണ പുറത്തിറക്കലിൽ നിന്നുള്ള കണ്ടെത്തലുകൾ കറൻസി നയത്തിൽ നിർണായകമാകും. 10, 20 രൂപ നോട്ടുകളിലെ പരീക്ഷണം വിജയകരമായാൽ, 100 രൂപ, 500 രൂപ നോട്ടുകൾ കൂടി പോളിമറിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആർബിഐ ആലോചിക്കും. നിലവിൽ എടിഎമ്മുകളിൽ പോളിമർ നോട്ടുകൾ തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ ഇല്ലാത്തതിനാൽ, ഉയർന്ന മൂല്യമുള്ള നോട്ടുകൾ അവതരിപ്പിക്കുന്നതിന് മുൻപ് സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ മാറ്റം ആവശ്യമായി വരും.
Leave a Comment
Your comment will be visible after admin approval.