വന്ദേമാതരത്തെ അപമാനിച്ചെന്നാരോപിച്ച് സോണിയാ ഗാന്ധിക്കെതിരെ പോലീസിൽ പരാതി നൽകി ബി.ജെ.പി.

Global Indian Writer · August 16, 2026 · 1 min read · 0 Comments · 0 Shares

മംഗളൂരു: സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിനിടെ ദേശീയഗാനമായ വന്ദേമാതരത്തെ അപമാനിച്ചെന്നാരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ പോലീസിൽ പരാതി നൽകി ബി.ജെ.പി. കർണാടകയിലെ മംഗളൂരുവിലെ ഉർവ പോലീസ് സ്റ്റേഷനിലാണ് ബി.ജെ.പി. നേതാക്കൾ പരാതി നൽകിയത്. ഗാനം പൂർണമായി ആലപിക്കുന്നത് തടയാൻ സോണിയ ആംഗ്യം കാണിച്ചെന്നാണ് ആരോപണം.

എ.ഐ.സി.സി. ആസ്ഥാനത്ത് വന്ദേമാതരം ആലപിക്കുന്നതിനിടെ സോണിയയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും തമ്മിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. എന്നാൽ ആരോപണങ്ങളെ കോൺഗ്രസ് തള്ളി. വന്ദേമാതരം പൂർണമായി ആലപിക്കുന്നത് തടയാൻ ഒരു ശ്രമവും നടന്നിട്ടില്ലെന്നും ഏറെനേരം നിൽക്കുകയായിരുന്ന ഖാർഗെയ്ക്ക് ഇരിക്കാൻ കസേര എത്തിച്ചുനൽകാൻ ആവശ്യപ്പെടുകമാത്രമാണ് സോണിയ ചെയ്തതെന്നും കോൺഗ്രസ് വ്യക്തമാക്കി.

നേരത്തേ സോണിയയ്ക്ക് ഈ പാപത്തിന് രാജ്യത്തെ ജനങ്ങൾ മാപ്പുനൽകില്ലെന്നു പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ കോൺഗ്രസിന് ലജ്ജ തോന്നേണ്ടതാണ്. അല്പമെങ്കിലും നാണം അവശേഷിക്കുന്നുവെങ്കിൽ ബങ്കിംചന്ദ്ര ചാറ്റർജിയുടെ അനശ്വര ആത്മാവിനോടും ജനങ്ങളോടും കൈകൂപ്പി മാപ്പുപറയണമെന്നും അമിത്ഷാ പറഞ്ഞു.

അംബേദ്കറെ പാർലമെന്റിൽ അപമാനിക്കുകയും ആർ.എസ്.എസ്. ആസ്ഥാനത്ത് ദേശീയപതാക ഉയർത്താൻ മടികാണിച്ച പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രം പേറുന്ന വ്യക്തിയുമാണ് കോൺഗ്രസിനോട് മാപ്പുപറയാൻ ആവശ്യപ്പെടുന്നതെന്നായിരുന്നു ഇതിന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് നൽകിയ മറുപടി.

Share this story

Leave a Comment

Your comment will be visible after admin approval.