ബിജു കുളങ്ങര
ലണ്ടൻ∙ ചിരിയും സന്തോഷവും നിറഞ്ഞിരുന്ന ഒരു വീടാണ് മണിക്കൂറുകൾക്കകം മരണത്തിന്റെ നിശ്ശബ്ദതയിൽ മുങ്ങിയത്. ബ്രിട്ടനിലെ ബെഡ്ഫോർഡ്ഷെയറിലെ ഗ്രേറ്റ് ഡെൻഹാമിൽ 42-കാരിയായ അമ്മയും 15-ഉം 5-ഉം വയസ്സുള്ള രണ്ട് പെൺമക്കളും സ്വന്തം വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം ബ്രിട്ടനെ നടുക്കുകയാണ്. അന്വേഷണം പുരോഗമിക്കുമ്പോൾ കുടുംബനാഥന് എതിരെയാണ് പൊലീസിന്റെ പ്രധാന സംശയം ഉയരുന്നത്. ഒരു സാധാരണ കുടുംബത്തിന്റെ ജീവിതം ഒറ്റ നിമിഷത്തിൽ ദുരന്തത്തിലേക്ക് വഴിമാറിയ ഈ സംഭവം രാജ്യത്തുടനീളം വലിയ ചർച്ചയായിരിക്കുകയാണ്. കുട്ടികളുടെ സുരക്ഷ, കുടുംബബന്ധങ്ങൾ, ഗാർഹിക അതിക്രമം തുടങ്ങിയ വിഷയങ്ങളിലേക്കും ഈ സംഭവം വീണ്ടും ശ്രദ്ധ തിരിച്ചിട്ടുണ്ട്.
കുടുംബാംഗങ്ങളെ ദിവസങ്ങളായി കാണാനില്ലെന്ന പരിചയക്കാരുടെയും സമീപവാസികളുടെയും വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് വീട്ടിലെത്തി. വാതിൽ തുറന്നിട്ടും പ്രതികരണമില്ലാതിരുന്നതിനാൽ അകത്ത് പ്രവേശിച്ച ഉദ്യോഗസ്ഥർ കണ്ട കാഴ്ച ഞെട്ടിക്കുന്നത് ആയിരുന്നു. അമ്മയും രണ്ട് പെൺമക്കളും ജീവൻ നഷ്ടപ്പെട്ട നിലയിൽ കിടക്കുകയായിരുന്നു. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും ആ നിമിഷം അവസാനിച്ചു. വീടിനുള്ളിൽ നിറഞ്ഞുനിന്ന നിശ്ശബ്ദത അന്വേഷണ ഉദ്യോഗസ്ഥരെയും വേദനിപ്പിച്ചതായി പ്രാദേശിക സമൂഹം പറഞ്ഞു. വർഷങ്ങളായി കുടുംബജീവിതത്തിന്റെ ഓർമ്മകൾ നിറഞ്ഞിരുന്ന ആ വീട് ഇപ്പോൾ കുറ്റാന്വേഷണത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആണ് സംഭവം പുറംലോകമറിഞ്ഞു തുടങ്ങിയത്.
മരിച്ചവർ നോത്താബോ സാൻഡിലെ ഷുമ (42), മക്കളായ നാറ്റലി (15), നാല (5) എന്നിവരാണ്. പ്രദേശവാസികൾ പറയുന്നതനുസരിച്ച് പഠനത്തിലും പെരുമാറ്റത്തിലും മിടുക്കികളായിരുന്ന കുട്ടികളും എല്ലാവരോടും സൗഹൃദപരമായി ഇടപെട്ടിരുന്ന അമ്മയുമായിരുന്നു ഇവർ. ഈ വാർത്ത വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് അയൽവാസികളുടെ പ്രതികരണം. മൂത്ത മകൾ ഭാവിയെക്കുറിച്ച് വലിയ സ്വപ്നങ്ങൾ കണ്ടിരുന്ന വിദ്യാർത്ഥിനിയാണെന്നും ഇളയ മകൾ എപ്പോഴും പുഞ്ചിരിയോടെ എല്ലാവരെയും ആകർഷിച്ചിരുന്ന കുഞ്ഞായിരുന്നുവെന്നും നാട്ടുകാർ ഓർക്കുന്നു. കുടുംബത്തിന്റെ ഈ അപ്രതീക്ഷിത നഷ്ടം സുഹൃത്തുക്കളെയും അധ്യാപകരെയും സഹപ്രവർത്തകരെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
Leave a Comment
Your comment will be visible after admin approval.