മസ്കത്ത്: ഇന്ത്യയുൾപ്പെടെ തെക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പ്രധാന റൂട്ടുകളിൽ യാത്രക്കാർക്കുള്ള ബാഗേജ് ആനുകൂല്യങ്ങൾ വർധിപ്പിച്ച് ഒമാൻ എയർ. യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് ഇക്കണോമി ക്ലാസിലെ വിവിധ ഫെയർ ബണ്ടിലുകളിൽ മാറ്റം വരുത്തിയത്. പുതിയ പരിഷ്കാരം അനുസരിച്ച്, ഏറ്റവും കുറഞ്ഞ നിരക്കായ സൂപ്പർ സേവർ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി മുതൽ 20 കിലോ ചെക്ക്-ഇൻ ബാഗേജ് സൗകര്യം ലഭിക്കും. നേരത്തെ ഈ വിഭാഗത്തിൽ ക്യാബിൻ ബാഗേജ് മാത്രമായിരുന്നു അനുവദിച്ചിരുന്നത്. സാധാരണക്കാരായ യാത്രക്കാർക്ക് ഇത്് വലിയ ആശ്വാസമാകും.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് പുറമെ കെയ്റോ, മനില, ബാഗ്ദാദ്, തുടങ്ങിയ റൂട്ടുകളിലും ഈ ആനുകൂല്യം ലഭ്യമാണ്. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിലാണ് ഇക്കണോമി ക്ലാസിലെ മറ്റ് നിരക്കുകളും പുനഃക്രമീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് കംഫർട്ട് വിഭാഗത്തിൽ 30 കിലോയും, ഫ്ലെക്സ് വിഭാഗത്തിൽ 40 കിലോയും ബാഗേജ് ഇനി കൊണ്ടുപോകാം.



