കൊച്ചി: കൊച്ചിയിൽ ലഹരിമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ എൻ.ഐ.എ. അന്വേഷണം തുടങ്ങി. സംഭവത്തിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായ പാക് പൗരനെ എൻ.ഐ.എ. ചോദ്യംചെയ്തു.
തീവ്രവാദവിരുദ്ധ സ്ക്വാഡും എൻ.സി.ബി.യിൽനിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്. കപ്പലിൽനിന്ന് പിടികൂടിയ പാക് പൗരൻ സുബൈറിനെ തിങ്കളാഴ്ച രാത്രി കൊച്ചി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി, 14 ദിവസത്തേക്ക് റിമാൻഡുചെയ്തു. ഇയാളെ കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണസംഘം അപേക്ഷനൽകും. പാകിസ്താൻകാരനല്ല, താൻ ഇറാൻകാരനാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രതി.
എൻ.സി.ബി. പിടിച്ചെടുത്ത 2525 കിലോഗ്രാം ലഹരിമരുന്നിനുപുറമേയുള്ള ലഹരിമരുന്ന് കടലിൽ തള്ളിയതായും ചോദ്യംചെയ്യലിൽ കണ്ടെത്തിയിട്ടുണ്ട്. നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററും പിന്തുടർന്നപ്പോൾ കടലിൽ തള്ളിയെന്നാണ് സൂചന. ഇതുകണ്ടെത്താൻ നാവികസേനയുടെ സഹായത്തോടെ എൻ.സി.ബി. ശ്രമം തുടങ്ങി.
അതേസമയം, കപ്പലിൽനിന്ന് സ്പീഡ് ബോട്ടിൽ രക്ഷപ്പെട്ട ആറുപേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇവർ പാകിസ്താൻപൗരൻമാരാണെന്നും കണ്ടെത്തിയിട്ടുണ്ട്.