ന്യൂഡൽഹി: ഇന്ത്യ വേദിയൊരുക്കുന്ന നിർമിത ബുദ്ധി(എ.ഐ.) ഉച്ചകോടിക്ക് ഡൽഹി ഭാരത് മണ്ഡപത്തിൽ തിങ്കളാഴ്ച തുടക്കമാകും. നാല് ദിവസത്തെ ഉച്ചകോടിയുടെ ഭാഗമായുള്ള ഇന്ത്യ എ.ഐ. ഇംപാക്ട് എക്‌സ്പോ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ബ്രസീൽ പ്രസിഡന്റ് ലുലാ ഡ സിൽവയുമുൾപ്പെടെ 20 രാഷ്ട്രത്തലവരും 45 രാജ്യങ്ങളിലെ പ്രതിനിധികളും എത്തും. ഐക്യരാഷ്ട്രസഭാനേതാക്കളും ഗൂഗിൾ സി.ഇ.ഒ. സുന്ദർ പിച്ചൈ, ഓപ്പൺ എ.ഐ. സി.ഇ.ഒ. സാം ഓൾട്ട്മാൻ തുടങ്ങിയ ടെക് പ്രമുഖരുമെത്തും.
ഉച്ചകോടിയിൽ 500-ലേറെ സെഷനുകളിലായി 3,250 വിദഗ്ധർ സംസാരിക്കും. ഭാരത് മണ്ഡപത്തിലെ പത്ത് ഭാഗങ്ങളിലായി 70,000 ചതുരശ്ര മീറ്റർ സ്ഥലത്ത് നടക്കുന്ന എക്‌സ്പോയിൽ സാങ്കേതികമേഖലയിലെ ആഗോള സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വിദ്യാഭ്യാസ- ഗവേഷണ സ്ഥാപനങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ, അന്താരാഷ്ട്ര പങ്കാളികൾ എന്നിവർ പങ്കെടുക്കും.



