എഐ ഹാർഡ്‌വെയർ പുറത്തിറക്കാൻ ലക്ഷ്യമിടുന്നതായി ഇന്ത്യൻ എഐ സ്റ്റാർട്ടപ്പായ സർവം എഐ. എഐ സ്മാർട്ട് ഗ്ലാസുകൾ കമ്പനി ഉടൻ പുറത്തിറക്കുമെന്ന് സർവം എഐ ചീഫ് പ്രതുഷ് കുമാർ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിക്കിടെ വെളിപ്പെടുത്തി. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സർവം എഐ സ്മാർട്ട് ഗ്ലാസുകൾ ധരിച്ച് ഗുണമേന്മ വിലയിരുത്തി. Sarvam Kaze എന്നാണ് എഐ ഗ്ലാസുകൾക്ക് പേര് നൽകിയിരിക്കുന്നത്. മെറ്റാ റേബാൻ ഗ്ലാസിന് സമാനമായ സവിശേഷതകൾ ഉള്ളതാണിത്.
ഇന്ത്യയിൽ നിർമ്മിച്ച ആദ്യ എഐ ഹാർഡ്‌വെയർ ആണിതെന്ന് കമ്പനി അവകാശപ്പെടുന്നു. പല കഴിവുകളിലും ചാറ്റ്ജിപിടിയെയും ഗൂഗിൾ ജെമിനിയെയും മറികടന്നതിന്റെ പേരിൽ സർവം എഐ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. സ്മാർട്ട് ഗ്ലാസുകൾ ഇൻ-ഹൗസ് എഐ മോഡലുകളിൽ പ്രവർത്തിക്കുമെന്നാണ് കമ്പനി പറയുന്നത്.
2026 മെയ് മാസത്തിൽ സ്മാർട്ട് ഗ്ലാസുകൾ പുറത്തിറക്കും. സ്മാർട്ട് ഗ്ലാസുകൾ ശ്രദ്ധേയമായ ടെക് ഉത്പന്ന വിഭാഗമായി മാറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ രംഗത്തേക്ക് കടക്കുന്നതെന്ന് കമ്പനി പറയുന്നു. 2025 ൽ മാത്രം മെറ്റാ റേബാൻ സ്മാർട്ട് ഗ്ലാസിന്റെ 70 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചതായാണ് റിപ്പോർട്ടുകൾ. ആപ്പിളും സ്മാർട്ട് ഗ്ലാസുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നുണ്ട്. ഈ ഘട്ടത്തിലാണ് ഇന്ത്യൻ എഐ സ്റ്റാർട്ടപ്പും സമാനമായ ഉത്പന്നവുമായി വിപണിയിൽ സാന്നിധ്യമറിയിക്കാൻ എത്തുന്നത്.



