തിരുവനന്തപുരം: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം പുറത്തുവരുന്നത് ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നാം ഭാഗത്തില്‍ നട്ടാല്‍ കുരുക്കാത്ത നുണകളും വിദ്വേഷവുമാണ് ഉണ്ടായിരുന്നത്. കേരള സ്റ്റോറി എന്ന വ്യാജ പ്രതീതി നിര്‍മ്മിതിയെ ഏറ്റെടുക്കുന്നത് സംഘപരിവാറാണെന്നും വ്യാജപ്രചരണങ്ങള്‍ കൊണ്ട് കേരളത്തിന്റെ മതേതര അടിത്തറ തകരില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പല സിനിമകള്‍ക്കും പ്രദര്‍ശനാനുമതി കിട്ടാതിരിക്കുമ്പോള്‍ കേരള സ്റ്റോറിക്ക് കിട്ടുന്നത് ആശ്ചര്യകരമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
‘കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിര്‍മ്മിക്കപ്പെട്ട ”ദി കേരള സ്റ്റോറി” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാര്‍ത്ത ഗൗരവത്തോടെ കാണേണ്ടതാണ്. നട്ടാല്‍ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വര്‍ഗീയ ലക്ഷ്യത്തോടെ നിര്‍മ്മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണ്. കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ ‘ദ റിയല്‍ കേരള സ്റ്റോറി’ വിളിച്ചുപറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതുമാണ്. സാഹോദര്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടര്‍ച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാര്‍.



