ബാങ്കോക്ക്: തായ്‌ലൻഡ് രാജാവ് മഹാ വജിരലോങ്കോണിന്റെ മൂത്ത മകളായ ബജ്രകിതിയാഭ നരേന്ദിര ദേബ്യാവതി രാജകുമാരി (47) അന്തരിച്ചു. മൂന്ന് വർഷത്തിലധികമായി കോമയിൽ കഴിഞ്ഞിരുന്ന രാജകുമാരിയുടെ വിയോഗവാർത്ത വെള്ളിയാഴ്ച രാവിലെയാണ് തായ് രാജകൊട്ടാരം ഔദ്യോഗികമായി പുറത്തുവിട്ടത്.
വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. ഉദരത്തിലുണ്ടായ അണുബാധ വൻകുടലിലെ വീക്കം, കുറഞ്ഞ രക്തസമ്മർദം, ഹൃദയമിടിപ്പിലെ വ്യതിയാനം, രക്തം കട്ടപിടിക്കുന്നതിലെ തകരാറുകൾ എന്നിവയെത്തുടർന്ന് ആരോഗ്യനില വഷളായതാണ് മരണകാരണമെന്ന് കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രാജകുമാരിയുടെ നിര്യാണത്തെത്തുടർന്ന് രാജ്യത്ത് ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
2022 ഡിസംബറിൽ തായ്‌ലൻഡിലെ വടക്കുകിഴക്കൻ പ്രവിശ്യയായ നഖോൺ രാച്ചസിമ സന്ദർശിക്കുന്നതിനിടയിലാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് രാജകുമാരി പെട്ടെന്ന് കുഴഞ്ഞുവീണത്. തുടർന്ന് ഹെലികോപ്റ്റർ മാർഗ്ഗം തലസ്ഥാനമായ ബാങ്കോക്കിലെ ആശുപത്രിയിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ നൽകി വരികയായിരുന്നു.
‘പ്രിൻസസ് പാ’ എന്ന പേരിൽ ജനങ്ങൾക്കിടയിൽ ജനപ്രിയയായിരുന്ന രാജകുമാരി 1978 ഡിസംബർ ഏഴിനാണ് ജനിച്ചത്. രാജാവിന്റെ ആദ്യ ഭാര്യയായ സോംസാവാലി രാജകുമാരിയാണ് മാതാവ്. തായ് ഭരണഘടനയനുസരിച്ച് സിംഹാസനത്തിന് അവകാശമുള്ള രാജാവിന്റെ മൂന്ന് മക്കളിൽ ഒരാളായിരുന്നു ബജ്രകിതിയാഭ.
പൊതുരംഗത്തെ സജീവ സാന്നിധ്യമായിരുന്ന രാജകുമാരി, തായ്‌ലൻഡിലെ ജയിൽ പരിഷ്കരണങ്ങൾക്കും തടവുകാരുടെ അവകാശങ്ങൾക്കുമായി ശക്തമായി നിലകൊണ്ട വ്യക്തിയായിരുന്നു. യു.എസിലെ കോർണൽ സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയ അവർ 2006 മുതൽ 2011 വരെ തായ് അറ്റോർണി ജനറലിന്റെ ഓഫീസിൽ അഭിഭാഷകയായി സേവനമനുഷ്ഠിച്ചു.
2012 മുതൽ 2014 വരെ ഓസ്ട്രിയ, സ്ലോവേനിയ, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലെ തായ്‌ലൻഡ് അംബാസഡറായി പ്രവർത്തിച്ചു. തടവിലാക്കപ്പെടുന്ന വനിതകളുടെ, പ്രത്യേകിച്ച് ഗർഭിണികളായ തടവുകാരികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി അവർ ഒരു ചാരിറ്റി സംഘടനക്ക് രൂപം നൽകി. നിയമപാലന രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച്, 2017ൽ ഐക്യരാഷ്ട്രസഭയുടെ ക്രൈം പ്രിവൻഷൻ ആൻഡ് ക്രിമിനൽ ജസ്റ്റിസ് കമ്മീഷൻ അവരെ തെക്കുകിഴക്കൻ ഏഷ്യയിലെ യു.എൻ ഗുഡ്‌വിൽ അംബാസഡറായി നിയമിച്ചിരുന്നു.
2021-ൽ സൈന്യത്തിന്റെ ഭാഗമായ അവർക്ക് ജനറൽ പദവി ലഭിക്കുകയും റോയൽ സെക്യൂരിറ്റി കമാൻഡിന്റെ ചീഫ് ഓഫ് സ്റ്റാഫായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
Leave a Comment
Your comment will be visible after admin approval.