വാഷിങ്ടൻ : പകരച്ചുങ്കം നടപ്പാക്കാനുള്ള യുഎസ് തീരുമാനം ആഗോളതലത്തിൽ ഓഹരി വിപണികളിൽ പ്രതിഫലിച്ചതിനു പിന്നാലെയാണ് നടപടി മരവിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ ഓഹരി വിപണികളിൽ സമീപകാലത്തെ ഏറ്റവും വലിയ തകർച്ച നേരിട്ട യുഎസ്, പകരച്ചുങ്കം പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ തകർച്ച അഭിമുഖീകരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. കയറ്റുമതിയിൽ ഇടിവ്, വിദേശ ബന്ധങ്ങളിൽ തകർച്ച എന്നിവയ്‌ക്കൊപ്പം വിലക്കയറ്റവും ആസന്നമാണെന്നും വിലയിരുത്തലുണ്ട്.
പുതുക്കിയ തീരുവ ഇന്നലെ പ്രാബല്യത്തിൽ വരാനിരിക്കെ അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ പകരച്ചുങ്കം മരവിപ്പിച്ച ട്രംപ് ലക്ഷ്യമിടുന്നത് എന്താണെന്ന് വ്യക്തമല്ല. എന്നാൽ ഈ കാലയളവിനുള്ളിൽ ലോകരാജ്യങ്ങളെ യുഎസുമായി ധാരണയിലെത്താൻ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് നിഗമനം. പകരച്ചുങ്കം മരവിപ്പിച്ച നടപടിക്കു പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റ് എന്നിവരുടെ പ്രസ്താവന ഇതിലേക്കാണ് വിരൽചൂണ്ടുന്നതെന്നാണ് സൂചന.