വാഷിങ്ടൻ : യുഎസിൽ പട്ടാള നിയമ മാതൃകയിലുള്ള പുതിയ ഉത്തരവിൽ ഒപ്പിടാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിവിൽ നിയമനിർവഹണത്തിൽ യുഎസ് സൈന്യത്തിന് അധികാരം കൊടുക്കുന്ന നിയമമാണ് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ട്രംപ് നടപ്പാക്കുകയെന്നാണ് സൂചന. ഏപ്രിൽ 20ന് നിർണായക തീരുമാനം എടുക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജനുവരി 20ന് യുഎസ് പ്രസിഡന്റായി അധികാരമേറ്റ ഉടനെ ഡോണൾഡ് ട്രംപ് ഒപ്പുവച്ച ആദ്യത്തെ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒന്ന് മെക്സിക്കോ അതിർത്തിയിൽ ‘ദേശീയ അടിയന്തരാവസ്ഥ’ പ്രഖ്യാപിക്കുക എന്നതായിരുന്നു. 1807ലെ ‘കലാപ നിയമം’ അനുസരിച്ച് എക്സിക്യൂട്ടീവ് ഉത്തരവ് ഒപ്പിട്ട് തൊണ്ണൂറ് ദിവസങ്ങൾക്കു ശേഷം, അതായത് ഏപ്രിൽ 20ന് ശേഷം മേഖലയിൽ സൈന്യത്തെ വിന്യസിക്കാം. ജനുവരി20ന് ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവിൽ 90 ദിവസത്തിനുള്ളിൽ, പ്രതിരോധ സെക്രട്ടറിയും ആഭ്യന്തര സുരക്ഷാ സെക്രട്ടറിയും തെക്കൻ അതിർത്തിയിലെ സാഹചര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ആവശ്യമെങ്കിൽ 1807ലെ കലാപ നിയമം നടപ്പിലാക്കണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കണമെന്നും പറയുന്നുണ്ട്.